Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Tuesday, 31 May 2011

മൊഴി-3

നിങ്ങൾക്ക് കരച്ചിൽ വരുമ്പോൾ 
നിങ്ങളൊരു കൊമേഡിയനാകൂ.....
കാരണം;
ഏറ്റവും നല്ല ഹാസ്യമാണ് സങ്കടം.
ഉള്ള് വിങ്ങിപ്പൊട്ടുമ്പോഴൊക്കെ
നമ്മളറിയാതെ ഒരു നർമ്മഭാഷി
പുറത്തുചാടാൻ വെമ്പുന്നത്
ശ്രദ്ധിച്ചാൽ തിരിച്ചറിയാം.
ഏറ്റവും ശുദ്ധമായ, ദ്വയാർത്ഥമുള്ള
തമാശ പുറത്തുവരുന്നത് ഉള്ളിൽ
തീയൊളിപ്പിക്കുമ്പോഴാണ്.
അത് മറ്റുള്ളവരെ പൊട്ടിച്ചിരിപ്പിക്കും;
ഒരു പക്ഷെ നിങ്ങളേയും...
ചിരിയിലൂടെ, ചിരിപ്പിക്കലിലൂടെ
സ്വന്തം സങ്കടം അലിഞ്ഞുതീരുമ്പോൾ
നിങ്ങൾ ഉറപ്പായും തിരിച്ചറിയും,
വെറുതെ  കരഞ്ഞുതീർക്കേണ്ടതല്ല
വേദനയെന്ന്....!

Friday, 20 May 2011

മൊഴി-2

‘തുറന്നുവച്ച എന്റെ ഓർമ്മപ്പുസ്തകത്തിൽ
ഒടിഞ്ഞുമടങ്ങിയ അവസാന പേജിലായിരുന്നു
നീ കാണാതെ പോയ എന്റെ ഹൃദയം..,
കാണാതെ പോയ വാക്യം പ്രണയവും..
കുന്നിറങ്ങിപ്പോയ സ്വപ്നങ്ങൾ
വാർദ്ധക്യം മറന്ന് ഇപ്പോഴും ശ്രമിക്കുന്നുണ്ട്;
തിരിച്ചു കയറാനാവില്ലെന്നറിഞ്ഞിട്ടും...
നേടിയത് നഷ്ടപ്പെടാമെന്നും,
നഷ്ടപ്പെട്ടത് തിരിച്ചുകിട്ടാമെന്നും
സ്വപ്നങ്ങൾ വെറുതെ സ്വപ്നം കാണാറുണ്ട്
ഞാനറിയാതെ ഇടയ്ക്കിടെ....’

Tuesday, 17 May 2011

മൊഴി-1

‘‘അപൂർണ്ണമായ കവിതപോലെയാണ് ജീവിതം.
വെട്ടിയും തിരുത്തിയും അത് നീണ്ടു നീണ്ടു തന്നെ കിടക്കും..”